
75 വർഷം പിന്നിട്ട ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വളർച്ചയും തളർച്ചയും മനസ്സിലാക്കാൻ 1885-ൽ രൂപീകൃതമായ കോൺഗ്രസിന്റെ ആദ്യകാല രാഷ്ട്രീയ സ്ഥാപനങ്ങളുടെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന, ബി.എസ്. ബാലചന്ദ്രൻ എഴുതിയ 'എ.ഒ. ഹ്യൂം' എന്ന പുസ്തകത്തിലുണ്ടെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.
1877 - 78 കാലഘട്ടത്തിലെ ക്ഷാമവും പട്ടിണി മരണവും എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷ് ഭരണാധികാരിയിലുണ്ടാക്കിയ ചിന്തയാണ് ജനങ്ങളുടെ ശബ്ദത്തിന് സംഘടിതമായ ഒരു രൂപം ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് നയിച്ചത്. തുടർന്ന് ബോംബെയിലും കൽക്കട്ടയിലും മദിരാശിയിലും ബീഹാറിലും ജനകീയ വേദികളുണ്ടായി. 1883-ൽ കൽക്കട്ട സർവ്വകലാശാലയിലെ ഇന്ത്യൻ ബിരുദധാരികൾക്ക് ഹ്യൂം എഴുതിയ പ്രസിദ്ധമായ കത്ത്, വിദ്യാഭ്യാസം നേടിയ ഇന്ത്യൻ യുവാക്കൾ സംഘടിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ചരിത്രത്തിലെ ശ്രദ്ധേയമായ രേഖയാണെന്നും രവി പറഞ്ഞു.
തിരുവനന്തപുരം സദ്ഭാവന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭാരത് സേവക് സമാജ് സദ്ഭാവന ആഡിറ്റോറിയത്തിൽ നടന്ന 'എ.ഒ. ഹ്യൂം' എന്ന പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ആർ. തമ്പാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി.എസ്. ബാലചന്ദ്രൻ, ഡി. സുദർശൻ, ജയശ്രീകുമാർ, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു.







